KOYILANDY DIARY

The Perfect News Portal

തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്‌സലായി കിട്ടിയത് പാമ്പിനെ

വര്‍ക്കല: തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്‌സല്‍ രൂപത്തില്‍ പാമ്പിനെ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാല്‍ (60) ആണ് പോലീസില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്റ് ഓഫിസ് പരിസരത്തു നിന്നും ഇവരുടെ പേരിലുള്ള കോംപ്ലിമെന്ററി പാര്‍സല്‍ ലഭിച്ചത്. എന്നാല്‍ തിരക്കിനിടയില്‍ ഇവര്‍ പൊതി അഴിച്ചു നോക്കിയെങ്കിലും അകത്തെ പ്ലാസ്റ്റിക് പെട്ടി ടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ചതിനാല്‍ തുറന്നുനോക്കാതെ മാറ്റിവച്ചു.

പിന്നീട് ഓഫീസിലെത്തിയ മറ്റു ജീവനക്കാര്‍ കൗതുകത്തിനു പെട്ടി പുറമേ നിന്നു പരിശോധിച്ചപ്പോഴാണ് അകത്ത് പാമ്ബാണെന്നു വ്യക്തമായത്. ഉടന്‍ തന്നെ പാര്‍സല്‍ വര്‍ക്കല പോലീസിനു കൈമാറി. തനിക്കു ശത്രുക്കളുള്ള കാര്യം ഇതുവരെ അറിയില്ല. എന്നാല്‍ പാഴ്‌സലായി പാമ്ബിനെ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടിയാണ് അനില പോലീസില്‍ പരാതി നല്‍കിയത്.

Advertisements

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലോട് വനംവകുപ്പ് അധികൃതര്‍ പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള പാമ്ബ് കാര്യമായി വിഷമുള്ളതല്ലെന്നു സ്ഥിരീകരിച്ചു. കൂടാതെ പെട്ടിയില്‍ ഇവര്‍ക്കെതിരെയുള്ള ഭീഷണിക്കത്തുമുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ പാര്‍സല്‍ ‘നിക്ഷേപകന്റെ’ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുകയാണു പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *