ഗാന്ധി പ്രതിമ ആക്രമണം; അന്വേഷണം ഊർജ്ജിതമാക്കി

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം നടത്തിയ അജ്ഞാതനെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണം നടത്തിയ ആളുടെ ഫോട്ടോ പുറത്തുവിട്ട പോലീസ് ഇയാളെക്കുറിച്ച് അറിയുന്നവര്‍ തളിപ്പറമ്പ് പോലീസിനെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ ഫോണ്‍ നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. നമ്പര്‍ – 0460 2203100
വ്യാഴാഴ്ച രാവിലെയോടെയാണ് താലൂക്ക് ഓഫീസിന് മുന്നിലുള്ള പ്രതിമ ആക്രമിക്കപ്പെട്ടത്. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും നശിപ്പിച്ചു. നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഒരാള്‍ പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്തടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.

അക്രമം നടത്തിയ വ്യക്തി കാവിമുണ്ടും ഷര്‍ട്ടും ധരിച്ച് താടിവെച്ചയാളാണ്. ഇയാള്‍ അതിവേഗത്തില്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്ന് പുറത്തേക്കോടി ബസ്റ്റാന്റ് ഭാഗത്തേക്ക് പോകുകയായിരുന്നു.

തലകുമ്പിട്ടാണ് ഇയാള്‍ താലൂക്ക് ഓഫീസ് വളപ്പിലെത്തിയത്. കൃത്യം നിര്‍വ്വഹിച്ച് അതുപോലെ തന്നെ തിരിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ആണ് ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത്.

