സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: ഒന്നാം വാര്‍ഷികദിനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏറ്റുമുട്ടി.
സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് രണ്ട് ഭാഗത്തേക്ക് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു. എന്നാല്‍, ഇന്ന് രാവിലെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചറിഞ്ഞു. കല്ലേറുമുണ്ടായി. നേതാക്കള്‍ ഇടപെട്ട് ഇരു പ്രവര്‍ത്തകരെയും സമാധാനിപ്പിച്ചിരുന്നുവെങ്കിലും ഇരുവരും വീണ്ടും സംഘര്‍ഷത്തിലേക്ക് പോയി.

സമരത്തില്‍ പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടുമുതല്‍ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്നാണ് ഇവരുടെ അവകാശവാദം.

