KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലാതല ഓണാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു

.
കോഴിക്കോട്: ജില്ലാതല ഓണാഘോഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഓണം നല്ല നാളുകളുടെ ഓർമ പുതുക്കുന്ന അവസരമാണെന്നും എല്ലാ പ്രശ്നങ്ങളും മറികടന്ന് ഒരുമയുടെ നല്ല നാളുകൾ വരട്ടെ എന്നതാണ് ഓണത്തിന്റെ സന്ദേശമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 
.
.
ഒരുമയുടെ കഥകൾ പറയുന്ന നിരവധി ചരിത്രം നമുക്കുണ്ട്. അതിൽ അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. മനുഷ്യർ തമ്മിലുള്ള ജാതി-മത വ്യത്യാസങ്ങൾ മറന്ന് ഓണം ഒരുമയോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും നല്ല നാളുകൾ വരാനുള്ള പ്രതിജ്ഞയെടുക്കുകയാണ് ഇതിലൂടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മാതാ പേരാമ്പ്രയുടെ ദൃശ്യ – ശ്രവ്യാവിഷ്‌കാരവും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.  
.
.
എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. എം.എല്‍.എമാരായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു, പാറക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കോര്‍പറേഷന്‍ കൗസിലര്‍മാരായ സഫറി വെള്ളയില്‍, എന്‍.പി സൗഫിയ, സിറ്റി പോലീസ് കമീഷണർ എ.പി ഷൗക്കത്തലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി.എം നിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ, കലാ-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 
Share news
error: Content is protected !!