കോഴിക്കോട് കോൺഗ്രസിൽ തമ്മിലടി രൂക്ഷം: പി. എം. നിയാസിനെതിരെ പടയൊരുക്കം
.
കോഴിക്കോട് ജില്ലാ കോൺഗ്രസിൽ ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക്. കെപിസിസി ജനറൽ സെക്രട്ടറി പി. എം. നിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് കെ. സി. അബുവും ഡിസിസി ഭാരവാഹികളും രംഗത്തെത്തി. കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി ലഭിക്കാൻ ഇടയാക്കിയത് നിയാസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്നാണ് പ്രധാന ആരോപണം.

കെ. സി. അബുവിന്റെ മകൾ കെ. സി. ശോഭിതയോടുള്ള രാഷ്ട്രീയ പ്രതികാരം തീർക്കാൻ നിയാസ് വിപ്പ് നൽകിയതിൽ കൃത്രിമം കാണിച്ചെന്നും ഇത് ബിജെപിക്ക് ഗുണകരമായെന്നും അബു ആരോപിച്ചു. നേരത്തെ പാറോപ്പടി വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയായിട്ടും നിയാസിന് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതിനെ അദ്ദേഹം വിമർശിച്ചു. അതേസമയം, പാറോപ്പടിയിലെ തന്റെ തോൽവിക്ക് പിന്നിൽ കെ. സി. ശോഭിതയാണെന്ന നിലപാടിലാണ് പി. എം. നിയാസ്.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ. സി. വേണുഗോപാൽ, ദീപദാസ് മുൻഷി എന്നിവർക്ക് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. കെ. സി. അബുവിന് പുറമെ ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്തും പി. എം. നിയാസിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ്.




