ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്. ആദ്യ ഭരണസമിതിയോഗവും ഇന്ന് ചേരും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് അവസരം പിന്നീട് ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം ജനപ്രതിനിധികളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണു സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക.

.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഇതിനായി കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്ടര്‍മാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളുടെ വരണാധികാരികളെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പിന്നീട് ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാച്ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മിഷൻ്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും മേയര്‍, ഡപ്യൂട്ടി മേയര്‍, ചെയര്‍പഴ്സന്‍ , ഡെപ്യൂട്ടി ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പ് 26ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ 27നും നടക്കും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ മുന്നണികളും.




