KOYILANDY DIARY.COM

The Perfect News Portal

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശേരി അന്തരിച്ചു

.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശേരി (67) അന്തരിച്ചു. പാർക്കിസൺസ് അസുഖ ബാധിതനായി ഏറെനാളുകളായി ചികിത്സയിലുമായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് അന്ത്യം.

 

 

യുവജനപോരാട്ടങ്ങളിൽ ജ്വലിച്ചു നിന്ന നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം, കുന്നംകുളം എരിയ സെക്രട്ടറി‍,‍ ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറിയും, സംസ്ഥാന വൈസ്‌ പ്രസിഡന്റ് എന്നീ നിലകളിൽ പൊതുരംഗത്ത് നിറഞ്ഞുനിന്നുപ്രവർത്തിച്ചു. കുന്നംകുളം മണ്ഡലത്തിൽ നിന്നും രണ്ട്‌ തവണ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2006മുതൽ 2016വരെ നിയമസഭാംഗമായിരുന്നു.

Advertisements

 

 

മന്ത്രിമാരെ തെരുവിൽ തടഞ്ഞ പ്രക്ഷോഭമുൾപ്പെടെ ഡിവൈഎഫ്ഐയുടേയും സിപിഐഎമ്മിന്റെയും ഒട്ടേറേ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. പൊലീസിന്റെ ക്ര‍ൂരമായ ലാത്തിച്ചാർജിന്‌ ഇരയായിട്ടുണ്ട്‌. സാംസ്‌കാരിക രംഗത്തും തിളങ്ങി. സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. ഉജ്വല പ്രാസംഗീകനായിരുന്നു. കലാസാംസ്ക്കാരിക രംഗത്തും ശ്രദ്ദേയനായ പാലിശ്ശേരി കവിതകൾ എഴുതാറുണ്ട്‌. നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. ലൈബ്രറി കൗൺസിൽ ജില്ലാപ്രസിഡന്റും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു. 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടിൽ പി രാമൻ നായരുടേയും എം അമ്മണിയമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. (അടാട്ട് ഫാമേഴ്സ്ബാങ്ക് ജീവനക്കാരിയാണ്). മക്കൾ: അശ്വതി (യുകെ), നിഖിൽ (എൻജിനിയർ). മരുമകൻ: ശ്രീജിത്ത് (യുകെ). സഹോദരൻ ബാലാജി സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗമാണ്‌.

Share news