ബംഗാളിലെ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

.
ബംഗാളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടത്. ഒക്ടോബര്‍ 10ന് ദുര്‍ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ക്യാമ്പസിന് അടുത്ത് വെച്ചാണ് പെണ്‍കുട്ടി ക്രൂര അതിക്രമത്തിനിരയായത്. നിലവില്‍ 5 പ്രതികളെയാണ് പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രാത്രി സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോഴാണ് പെണ്‍കുട്ടി അതിക്രമത്തിനിരയായത്. കോളേജ് ഗേറ്റിന് സമീപം വെച്ച് അക്രമികള്‍ ഇവരെ തടയുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവസ്ഥലത്തു നിന്നും ശേഖരിച്ച ഫോറന്‍സിക് സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തു വന്നേക്കും.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒളിവിൽ പോയ രണ്ട് പ്രതികളെ ഇന്നലെ പിടികൂടിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്ത മമതാ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ബംഗാളില്‍ ശക്തമാകുകയാണ്.

