കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ

കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാനും മകൻ സെയ്ദലവിയുമാണ് വയനാട് മേപ്പാടിയിൽ നിന്നും പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ അയ്യൂബ് ഖാനും സെയ്തലവിയും സുൽത്താൻ ബത്തേരിയിൽ നിന്നുമാണ് നേരത്തെ പൊലീസിന്റെ പിടിയിലായത്. പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകവേ കോട്ടുക്കൽ ഭാഗത്ത് വെച്ച് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണമെന്ന് പറയുകയും വിലങ്ങഴിച്ചതോടെ ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.

വനമേഖലയിൽ അടക്കം ഡ്രോൺ ഉപയോഗിച്ച് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിനിടെ പ്രദേശവാസിയായ പഞ്ചായത്തംഗം പ്രതികളെ കണ്ടതായി പൊലീസിനോട് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് പ്രതികളല്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഒടുവിൽ കൊട്ടാരക്കര ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിലാണ് ഇരുവരും മേപ്പാടിചുങ്കത്തറയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതായറിഞ്ഞത്. ഇന്ന് പുലർച്ചയോടെ മേപ്പാടി പോലീസ് എത്തി പ്രതികളെ പിടികൂടി.

എംസി റോഡ് വഴിയാണ് വയനാട്ടിലേക്ക് കടന്നതെന്നാണ് വിവരം. വിലങ്ങഴിച്ചുമാറ്റാനും രക്ഷപെടാനും പ്രതികൾക്ക് മൂന്നാമതൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ പാലോട് പൊലീസ് മേപ്പാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

