കാസർഗോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം: യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഉള്‍പ്പെടെ എട്ട് പേർ പിടിയില്‍

കാസർഗോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ
എട്ടു പേർ പിടിയില്‍. യൂത്ത് ലീഗ് പ്രവർത്തകൻ, വിദ്യാഭ്യാസ വകുപ്പിലെ എഇഒ, ആര്‍ പി എഫ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരാണ് പ്രതികള്‍. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പിടിലായത്. കേസിലാകെ 18 പ്രതികളാണുള്ളത്.

ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. കുട്ടി പ്രതികളുടെ വലയിൽ അകപ്പെട്ടത് ഗേ ഡേറ്റിംഗ് ആൻഡ് ചാറ്റ് ആപ്പ് വഴിയാണെന്ന് കണ്ടെത്തി. ആപ്പ് ഉപയോഗിച്ചത് 18 വയസ്സാണെന്ന് രേഖപ്പെടുത്തിയായിരുന്നു. ഏജൻ്റ് മുഖേനയാണ് പ്രതികൾ കുട്ടിക്ക് അടുത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് രണ്ടു വർഷമായി നിരവധി പേർ ആണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തുമെത്തിച്ചാണ് പ്രതികൾ ആൺകുട്ടിയെ പീഡിപ്പിച്ചത്. ചന്തേര, ചിറ്റാരിക്കാൽ, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചന്തേര സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തത് ആറ് കേസുകളാണ്.

കുട്ടിയുടെ മാതാവിന് സംശയം തോന്നിയതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗിലൂടെയാണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥിയുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മൊബൈൽ ആപ്പും ഗൂഗിൾ പേ വഴിയുള്ള ഇടപാടുകളും പരിശോധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ പിടിയിലാകാനുള്ള പ്രതികൾക്കായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

