KOYILANDY DIARY.COM

The Perfect News Portal

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

തമിഴ്നാട് ഗൂഡല്ലൂർ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 63 വയസുകാരനായ മണി ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആന എടുത്തെറിയുകയും മരണം സംഭവിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് മണി. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങളിൽ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധം തുടർന്നു.

 

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അധികാരികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Share news