കേരള സര്‍വകലാശാല രജിസ്ട്രാറുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാർ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍വകലാശാലയുടെ നിലപാടും കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ അടക്കമായിരിക്കും കോടതിയെ അറിയിക്കുക.

പ്രത്യേക സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കുകയും അഡ്വ. കെ എസ് അനില്‍കുമാര്‍ രജിസ്ട്രാറായി വീണ്ടും ചുമതല ഏല്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് രജിസ്ട്രാര്‍ പിന്‍വലിച്ചേക്കും എന്നാണ് സൂചന.

കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇന്നലെ തന്നെ ചുമതലയെടുക്കാന്‍ ആയിരുന്നു രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ട് 4.30 ന് രജിസ്ട്രാര്‍ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.

