നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം; ബഹുജന കൺവെൻഷൻ

കൊയിലാണ്ടി: സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നേരത്തെ നിർത്തിയിരുന്ന വണ്ടികളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് റെയിൽവേ സംരക്ഷണ സമിതി വിളിച്ചുചേർത്ത സർവകക്ഷി ബഹുജന പ്രതിനിധി കൺവെൻഷൻ പ്രമേയം മുഖേന റെയിൽവേ അധികൃതരോടും, കേന്ദ്ര റെയിൽവേ മന്ത്രിയോടും അഭ്യർത്ഥിച്ചു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങൾ ഉൾക്കൊണ്ട് നിവേദനം പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർക്ക് കൂട്ടായി സമർപ്പിക്കാനും, ഇതിനുവേണ്ടി സ്റ്റേഷൻ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ താഴെത്തട്ടിൽ വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കാനും തീരുമാനിച്ചു.

സ്വാതന്ത്ര്യ ദിനത്തിനകം പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ
വിപുലമായ ബഹുജന കൂട്ടായ്മ സ്റ്റേഷനിൽ സംഘടിപ്പിച്ചുകൊണ്ട് ഭാവി കർമ്മപദ്ധതികൾ പ്രഖ്യാപിക്കും. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി ശിവാനന്ദൻ, സിന്ധു സുരേഷ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.എം കോയ, ബിന്ദു സോമൻ, എം.പി മൊയ്തീൻ കോയ, സത്യനാഥൻ മാടഞ്ചേരി, കെ. ഗീതാനന്ദൻ, സജീവ് കുമാർ, ആലിക്കോയ തെക്കയിൽ, ശശി കമ്മട്ടേരി, അവിണേരി ശങ്കരൻ, വി .വി മോഹനൻ, ഇ കെ ശ്രീനിവാസൻ, വികാസ് കന്മന, പ്രമോദ് വി. സി എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ വിവിധ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. സംരക്ഷണ സമിതി ചെയർമാൻ കെ. ശങ്കരൻ സ്വാഗതവും സെക്രട്ടറി യു വി ബാബുരാജ് നന്ദിയും പറഞ്ഞു.
