കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; വയനാട്ടിൽ വീട്ടമ്മയുടെ മരണത്തിൽ കുറ്റം സമ്മതിച്ച് ഭർത്താവ്

കൽപ്പറ്റ: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഭർത്താവ് തോമസ് വര്‍ഗീസ് പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഭാര്യ എലിസബത്തിന്റെ മരണത്തിൽ ഭർത്താവിനെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലുള്ള കടബാധ്യതകളെ കുറിച്ച് ഭാര്യ എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും ഭർത്താവ് തോമസ് പൊലീസിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ തോമസ് കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യയെ തുണിയുപയോഗിച്ച് കഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് തോമസ് സ്വന്തം കൈഞരമ്പ് മുറിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. എലിസബത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ചികിത്സയിലിരിക്കുന്ന ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് തോമസ് കുറ്റം സമ്മതിച്ചത്.

