KOYILANDY DIARY.COM

The Perfect News Portal

വളഞ്ഞവഴി കടപ്പുറത്ത്‌ ടാങ്കർ അടിഞ്ഞു; ‘വാൻഹായ്‌ 503’ കപ്പലിലേതെന്ന് സംശയം

അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത്‌ ടാങ്കർ തീരത്തടിഞ്ഞു. ടാങ്കർ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പലിലേതാണോ എന്ന്‌ സംശയമുണ്ട്‌. ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത്‌ പൊലീസ്‌ എത്തിയിട്ടുണ്ട്. ടാങ്കറിന്റെ 200 മീറ്റർ ദൂരത്തേയ്ക്ക്‌ ആളുകളെ മാറ്റി ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്‌. ടാങ്കറിനകത്ത് എന്താണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി പുന്നപ്ര അറപ്പപ്പൊഴി കടൽത്തീരത്ത് വാൻഹായ്‌ 503ന്റേതെന്ന്‌ കരുതുന്ന ലൈഫ് ബോട്ട് അടിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കാറ്റിലും ഒഴുക്കിലുംപെട്ട് ബോട്ട് അടിഞ്ഞത്. 10 മീറ്ററോളം നീളവും നാല്‌ മീറ്ററോളം വീതിയും വരുന്ന ബോട്ട് ചുവപ്പുനിറത്തിലുള്ളതാണ്. എറണാംകുളം ചെല്ലാനത്തും വീപ്പ അടിഞ്ഞിട്ടുണ്ട്‌. ഇതും കപ്പലിൽ നിന്നുള്ളതാണെന്നാണ്‌ നിഗമനം. കൊച്ചി, ആലപ്പുഴ, കൊല്ലം തുടങ്ങിയ തീരങ്ങളിൽ കപ്പലിൽ നിന്ന് വീണ  കണ്ടെയ്നറുകളടക്കമുള്ളവ അടിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

 

 

 

Share news