KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമില്‍ തീപിടുത്തം

തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് ഷോറൂമിൽ വലിയ തീപിടിത്തം. പുലർച്ചെ 3.45നായിരുന്നു തീപിടുത്തം. തീപിടിത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയത്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ തീയാണ് ആദ്യം പൂർണ്ണമായി കെടുത്തിയത്. എന്നാൽ സ്പെയർ പാർട്സ് അടക്കം സൂക്ഷിക്കുന്ന നിലയിലും മുകളിലത്തെ ടെറസ് ഭാ​ഗത്തുമുള്ള തീ ഭഗീരഥ പ്രയത്നം നടത്തിയാണ് ഫയർഫോഴ്സ് അണച്ചത്.

കെട്ടിടത്തിൽ 250ഓളം വാഹനങ്ങൾ ഉണ്ടായിരുന്നതായാണ് ഷോറൂം ഉടമ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിപക്ഷം വാഹനങ്ങളും പുറത്തെത്തിച്ചിട്ടുണ്ട്. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിൻ്റെ മുകളിലത്തെ ഷട്ടറുകളും ​ഗ്ലാസുകളും പൊളിക്കുന്നുണ്ട്. തൊട്ടടുത്ത് കെട്ടിടങ്ങൾ ഇല്ലായെന്നതാണ് ആശ്വാസകരമായ കാര്യം.

ആകെ മൂന്നുനിലയുള്ള കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് മണിക്കൂറിലേറെയായി തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സംഭവസമയത്ത് കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിൽ വലിയ ശബ്ദം കേട്ടെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോ​ഗസ്ഥൻ റിപ്പോർട്ടറിനോട് പറഞ്ഞത്. അതിന് പിന്നാലെയാണ് തീപർന്നതെന്നും സെക്യൂരിറ്റി വ്യക്തമാക്കി. കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിൽ കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ നിലയിൽ ടയറും എൻജിൻ ഓയിൽ അടക്കമുള്ളവയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ വ്യക്തമാക്കുന്നത്.

Advertisements
Share news