പിടിച്ചുപറി കേസ്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: പിടിച്ചുപറി കേസിൽ പ്രായപൂർത്തിയാവാത്തയാളടക്കം രണ്ട് പേർ അറസ്റ്റിൽ. മുഖദാർ സ്വദേശികളായ കളരി വീട്ടിൽ മുഹമ്മദ് അജ്മൽ (22), മറക്കും കടവ് വീട്ടിൽ മുഹമ്മദ് അഫ്സൽ (22), ഇവരുടെ പ്രായപൂർത്തിയാവാത്ത സുഹൃത്ത് എന്നീ മൂന്നു പേരാണ് കസബ പോലീസിന്റെ പിടിയിലായത്. മെയ് 15-ാം തീയതി രാത്രി ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി അടിച്ചു പരിക്കേൽപ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്വേർഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോവുകയും അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,000 രൂപ മൊബൈൽ ഫോണിൽ നിന്നും ട്രാൻസ്ഫർ ചെയ്തെടുക്കുകയും ആയിരുന്നു. തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി.

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലും പ്രതികൾ പിടിച്ചു പറിച്ചു കൊണ്ടുപോയ മൊബൈൽ ഫോൺ മാവൂർ റോഡിൽ ഉള്ള ഗൾഫ് ബസാറിൽ വിൽപ്പന നടത്തിയതായി മനസ്സിലാക്കുകയും വിൽപ്പന നടത്തുമ്പോൾ അവിടെ നൽകിയ ആധാർ കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നും പ്രായപൂർത്തിയാവാത്തയാളുടെയാണെ ന്ന് മനസ്സിലാക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റു രണ്ട് പ്രതികളെ മൂന്നാലിങ്ങൽ വെച്ച് ഒരു മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടിയെ ജൂവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കുന്നതിനായി പിതാവിൻറെ കൂടെ പറഞ്ഞയക്കുകയും മറ്റു രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. സതീഷ് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ ശ്രീ നായരുടെ നേതൃത്വത്തിൽ SI സനീഷ്, ASI സജേഷ് കുമാർ, SCPO മാരായ രഞ്ജിത്ത്, വിപിൻ ചന്ദ്രൻ, സുമിത് ചാൾസ്, CPO വിപിൻ രാജ് എന്നിവർ ആയിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
