KOYILANDY DIARY.COM

The Perfect News Portal

ചാരപ്പണിക്ക് പിടിയിലായ ബിജെപി നേതാവ് മുഖ്യമന്ത്രിയ്ക്കൊപ്പം വേദിയില്‍ : ചിത്രം പുറത്ത്

ഭോപ്പാല്‍ :  പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് പിടിയിലായ പതിനൊന്നംഗ  സംഘത്തില്‍ രണ്ടുപേര്‍ക്ക് ബിജെപി ബന്ധം. ആദ്യം ആരോപണം നിഷേധിച്ച ബിജെപി പ്രതികളിലൊരാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ്.

ബിജെപി ഭരിയ്ക്കുന്ന മധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തന്നെയാണ് ഈ സംഘത്തെ പിടികൂടിയത്. ഇവരുടെ രാഷ്ട്രീയ ബന്ധം പുറത്തുവിടാതിരിയ്ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിടിയിലായവരില്‍ ഒരാള്‍ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി നേതാവും ഭോപ്പാല്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലറുമായ വന്ദനാ സതീഷ് യാദവിന്റെ ഭര്‍തൃസഹോദരന്‍ ജിതേന്ദ്ര താക്കൂറിന്റെ പേരാണ് പുറത്തെത്തിയത്. ഇയാള്‍ക്ക് ബിജെപി ബന്ധമില്ലെന്ന് അവകാശപ്പെട്ട് ബിജെപി രംഗത്തെത്തി. എന്നാല്‍ അറസ്റ്റിലായ ധ്രുവ് സക്സേന ബിജെപി ഐടിസെല്ലിന്റെ ജില്ലാ കണ്‍വീനറാണെന്ന വിവരം പിന്നാലെ പുറത്തെത്തിയതോടെ ബിജെപിയുടെ പ്രതിരോധം പാളി. ധ്രുവ് സക്സേന കാവിക്കുപ്പായമിട്ട് മുഖ്യമന്ത്രി ശിവ്രാജ് സിങ്ങ് ചൌഹാനൊപ്പം വേദി പങ്കിടുന്ന ചിത്രം പുറത്തുവന്നതോടെ ബിജെപി പൂര്‍ണ്ണമായും നിരായുധരായി.

അന്താരാഷ്ട്ര കോള്‍ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്. പാകിസ്താനുമായി വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇവര്‍ സ്വന്തമായൊരു ടെലഫോണ്‍ എക്സ്ചേഞ്ച് തന്നെ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിടിയിലായവരില്‍ നിന്ന് സിംബോക്സുകളും ചൈനീസ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ സംവിധാനങ്ങള്‍ വഴി ഐഎസ്ഐ ചാരന്മാര്‍ കശ്മീരിലെ സൈനികത്തലവന്മാരെ പട്ടാളക്കാരെന്ന വ്യാജേനെ വിളിച്ച് വിവരങ്ങള്‍ ചോര്‍ത്താറാണ് പതിവെന്ന് പൊലീസ് പറയുന്നു. ലക്ഷങ്ങളാണ് ഈ സംഘം ഇത്തരത്തില്‍ സമ്പാദിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവരുടെ ഗുണഭോക്താക്കളാണെന്ന് പൊലീസ് പറയുന്നു. ഐപിസി 122, 123 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisements

വ്യാജ ദേശസ്നേഹം ഉയര്‍ത്തി നാടാകെ കലാപം വിതയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ സ്വന്തം നേതാക്കള്‍ തന്നെ രാജ്യദ്രോഹക്കേസില്‍ പിടിയിലായത് വിശദീകരിയ്ക്കാനാകാതെ കുഴങ്ങുകയാണ് ബിജെപി. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം മധ്യപ്രദേശ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *