KOYILANDY DIARY

The Perfect News Portal

എൻ. എം. എസ്. നടത്തിയ തൊഴിൽ മേളയിൽ 1811 പേർക്ക് നിയമനം ലഭിച്ചു

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് കോഴിക്കോട് നടത്തിയ തൊഴില്‍മേളയില്‍ 1811 പേര്‍ക്ക് നിയമനം ലഭിച്ചു. 2,244 പേര്‍ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടംനേടി. 92 കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ടൂറിസം ഒഴികെയുള്ള എല്ലാമേഖലയിലും നിയമനം നടന്നു.

രാജ്യത്തെ പ്രമുഖ കമ്പനിയായ എല്‍. ആന്‍ഡ് ടി. യാണ് തൊഴില്‍മേളയില്‍ കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കിയത് (161).   എസ്.എസ്.എല്‍.സി., ഐ.ടി.ഐ. യോഗ്യതയുള്ളവരെയാണ് എല്‍.ആന്‍ഡ് ടി. തിരഞ്ഞെടുത്തത്. കണ്ണൂര്‍ വിമാനത്താവള പദ്ധതിയിലേക്കാണ് 161 പേരെ തിരഞ്ഞെടുത്തത്. 13 ഐ.ടി. കമ്പനികളും പങ്കെടുത്തിരുന്നു. മുഴുവന്‍ ഐ.ടി. കമ്പനികളും തൊഴില്‍മേളയില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തു. 13,377 പേരാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 10,638 പേരും തൊഴില്‍ മേളയ്‌ക്കെത്തി.

പങ്കാളിത്തംകൊണ്ട് വളരെ ശ്രദ്ധേയമായി, മേള. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന പരിപാടി തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകര്‍ക്കും ദാതാക്കള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ്, വ്യവസായ പരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്), ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) എന്നിവ ചേര്‍ന്നാണ് ജോബ് പോര്‍ട്ടല്‍ തുടങ്ങുക. ഇത് കാലതാമസമില്ലാതെ നടപ്പാക്കും. വിശ്വസനീയമായ തൊഴില്‍ദാതാക്കളെ കണ്ടെത്താന്‍ ഇതിലൂടെ തൊഴിലന്വേഷകര്‍ക്ക് സാധിക്കും. തൊഴിലന്വേഷകരുടെ ഭാഷാനൈപുണി വര്‍ധിപ്പിക്കാനുള്ള ഹ്രസ്വകാല കോഴ്‌സുകള്‍ തൊഴില്‍വകുപ്പ് മുന്‍കൈയെടുത്ത് ആരംഭിക്കും. അധ്യാപകര്‍, ഡിസൈനിങ്, ബ്യൂട്ടീഷ്യന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് നൈപുണിപരിശീലനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നൈപുണി വികസനത്തിനായി എല്ലാ ജില്ലകളിലും കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Advertisements

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തോമസ് മാത്യു, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.എന്‍. സുരേഷ്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എന്‍. ആഗ്നസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.   ജോബ് ഫെസ്റ്റിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ജീവനക്കാര്‍ക്കു പുറമെ എന്‍.സി.സി. കേഡറ്റുകളും സേവനരംഗത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *