KOYILANDY DIARY.COM

The Perfect News Portal

തീരദേശ ഹിന്ദുസംരക്ഷണ സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ എയ്ക്ക് നിവേദനം നൽകി

കൊയിലാണ്ടി: കൊല്ലം മുതൽ പാറക്കൽ താഴെ വരെയുള്ള 13 ഓളം അരയസമാജങ്ങളുടെ ഒരു കൂട്ടായ്മയായ തീരദേശ ഹിന്ദുസംരക്ഷണ സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ എയ്ക്ക് നിവേദനം നൽകി. കൊയിലാണ്ടി ഹാർബർ മുതൽ പാറക്കൽ താഴ ലക്ഷം വീട് കോളനി വരെയുള്ള തിരദേശം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. കാൽ നടയാത്ര പോലും ദുരിതപൂർണമായ ഇവിടെ വർഷ കാലങ്ങളിൽ റോഡ് തോടായി മാറുന്ന കാഴ്ചചയാണ്.
പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടപടികളും ഇതിനോടകം നടത്തിയിട്ടും യാതൊരു വിധ പരിഹാരങ്ങളും ഇവിടെ ഉണ്ടായിട്ടില്ല. ദിവസേന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഹാർബറിലേക്കും തിരിച്ചും സഞ്ചരിക്കുന്ന പാതയാണ് ഇത്. എന്നാൽ അധികൃതരുടെ ഭാഗത്ത്നിന്നും എം. എൽ.എയുടേ ഭാഗത്തു നിന്നും തികഞ്ഞ അവഗണനയാണ് ഈ പ്രദേശത്തു കാരോട് കാണിക്കുന്നത്. മാത്രമല്ല കൊല്ലം അരയൻകാവ് -കൂത്തംവള്ളി ഭാഗത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ഹാർബറിലെത്തണമെങ്കിൽ കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്ക് മറികടക്കണം.
കൊല്ലം തീരദേശത്ത് കുത്തംവള്ളി തോടിനും ചറിയതോടിനും കുറുകെ പാലമില്ലാത്തതാണ് ഇതിനു കാരണം. ആയതിനാൽ ഹാർബർ മുതൽ പാറക്കൽത്താഴ ലക്ഷം വീട് കോളനി വരെയുള്ള തീരദേശ റോഡ് കുറ്റമറ്റ രീതിയിൽ പുതുക്കിപ്പണിയുവാനും കൊല്ലം കുത്തംവള്ളി ഭാഗത്ത് തോടിനും ചെറിയതോടിനും കുറുകെ പാലം പണിയുവാനും ഉള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാനുള്ള ശ്രമങ്ങൾ എം.എൽ.എയുടെ ഭാഗത്ത് നിന്നുണ്ടാവണെമെന്നും തീരദേശ ഹിന്ദു സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിഹാരം കണ്ടില്ലെങ്കിൽ മത്സ്യതൊഴിലാളികളെ നിരത്തിക്കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങൾ നടത്തുമെന്നും അറിയിപ്പ് നൽകി. വി.വി. സുരേഷ് കുമാർ, വി.കെ. രാമൻ, കെ.പി.എൽ. മനോജ്, എം.വി. ശശി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. 
Share news