കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസ്; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ യുവമോർച്ച നേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ജുബിൻ ബാലകൃഷ്ണൻ, റോഷിത്ത്, ഷൈജു എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. മണിയൂർ സ്വദേശി മുഹമ്മദിനെ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ച കേസിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കുറ്റ്യാടി ടൗണിലെ മരുതോങ്കര റോഡിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് യുവാവിനെ ബി ജെ പി സംഘം ക്രൂരമായി മർദ്ദിച്ച കേസിലാണ് യുവമോർച്ച നേതാവടക്കം മൂന്ന് പേർ അറസ്റ്റിലായത്. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ വിളിച്ച് വരുത്തിയായിരുന്നു ബിജെപി സംഘം യുവാവിനെ മർദ്ദിച്ചത്.

കാറിൽ ഇരിക്കുകയായിരുന്ന മണിയൂർ സ്വദേശി മുഹമ്മദിനെ മുഖംമൂടി ധരിച്ചെത്തിയവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കാറിൻറെ ഗ്ലാസുകൾ അടിച്ചുതകർത്ത ശേഷം പുറത്തിറക്കിയും മർദ്ദിച്ചു. തലക്കും മുഖത്തും പരുക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അക്രമത്തിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കേസെടുത്ത് കുറ്റ്യാടി പൊലിസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

