KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ട്രഷറിക്ക് സ്വന്തം കെട്ടിടം: തടസ്സങ്ങള്‍ നീങ്ങുന്നു

കൊയിലാണ്ടി: പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീങ്ങുന്നതായി എംഎൽഎ കാനത്തിൽ ജമീല അറിയിച്ചു. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ കെട്ടിടം നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
തുടര്‍ന്ന് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ കീഴില്‍ തച്ചന്‍കുന്നില്‍ പയ്യോളി സബ് രജിസ്ട്രാര്‍ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലം ട്രഷറി നിര്‍മ്മാണത്തിനായി വിട്ടുനല്‍കുന്നതിന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
അതിനെ തുടര്‍ന്ന് നവംബർ 20 ബുധനാഴ്ച തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ സ്ഥലത്ത് സബ് ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിസീവ് സാങ്ഷന്‍ നല്‍കുന്നതിന് തീരുമാനമായത്. തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാനും സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം നവംബര്‍ 22 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും.
തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, രജിസ്ട്രേഷന്‍ വകുപ്പ് ഐ. ജി ശ്രീധന്യ ഐ.എ.എസ്, ട്രഷറി ഡയറക്ടര്‍ സാജന്‍ വി, രജിസ്ട്രേഷന്‍ വകുപ്പ് ജോയിന്‍റ് ഐ.ജി സജന്‍ കുമാര്‍, ടാക്സസ് വകുപ്പ് ജോയിന്‍റ് സെക്രട്ടറി പ്രമോദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി  തുടങ്ങിയവര്‍ പങ്കെടുത്തു. കൊയിലാണ്ടി സബ് ട്രഷറിയ്ക്ക് ബജറ്റിൽ അനുവദിച്ച 2 കോടി രൂപയുടെ പ്രവൃത്തിയിൽ സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ എച്ച് എൽ എൽ നിർവ്വഹിക്കും. ഇതിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായി നിർമ്മാണ പ്രലൃത്തി ഉദ്ഘാടനം അടുത്ത ദിവസം നടക്കുമെന്നും എം.എൽ.എ അറിയിച്ചു.
Share news