ചാലിയാർ തീരം സൗന്ദര്യവൽക്കരണം തുടങ്ങി

ഫറോക്ക്: ചാലിയാർ തീരം സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തിയാരംഭിച്ചു. ഒരു കോടി 17 ലക്ഷം ചെലവിട്ടാണ് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നത്. ചരിത്ര പ്രാധാന്യമേറിയ പാലം ദീപാലംകൃതമാക്കിയതിനൊപ്പം സമീപത്തെ കോർപ്പറേഷൻ ചിൽഡ്രൻസ് പാർക്കും നവീകരിച്ച് “നമ്മൾ പാർക്ക് ” എന്ന് പേര് നൽകി. ഇവിടെയെത്തുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പുഴയോരത്ത് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്.


തകർച്ച നേരിട്ട ബ്രിട്ടീഷ് നിർമ്മിത ഇരുമ്പുപാലം നേരത്തെ ടൂറിസം വികസന പദ്ധതിയിൽ സമ്പൂർണമായി നവീകരിക്കുകയും പിന്നീട് ദീപാലംകൃതമാക്കി സമീപത്തെ പാർക്കിലും കൂടുതൽ സൗകര്യമൊരുക്കിയതോടെ ഇവിടെ ഉല്ലാസത്തിനെത്തുന്നവരുടെ തിരക്കേറെയാണ്. പാർക്കിലെ തുറന്ന വേദിയിൽ കലാപരിപാടികളും പതിവാണ്. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളിയുടെ സ്ഥിരം വേദിയായി പുഴയുടെ ഫറോക്ക്കര മാറിയതിനാൽ പുതുതായി ഒരുക്കുന്ന പാർക്കിലിരുന്നും ജലമേള ആസ്വദിക്കാനാവുമെന്ന സവിശേഷതയുമുണ്ട്.

