ചൂലന്നൂർ മയിൽ സങ്കേതത്തിൽ ജൂൺ ഒന്ന് മുതൽ ട്രക്കിങ് ആരംഭിക്കും

കുഴൽമന്ദം: കേരളത്തിലെ ഏക മയിൽ സങ്കേതമായ പെരിങ്ങോട്ടുകുറുശി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ജൂൺ ഒന്ന് മുതൽ ട്രക്കിങ് ആരംഭിക്കും. മയിൽ സങ്കേതത്തിലൂടെ എട്ടു കിലോമീറ്റർ നടന്ന് വനസൗന്ദര്യം ആസ്വദിക്കാൻ ഇനി കഴിയും. ചിലമ്പത്തൊടി, ആനടിയൻപാറ, വാച്ച് ടവർ, ആയക്കുറുശി എന്നിങ്ങനെ നാലു ട്രക്കിങ്ങളാണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്.

രണ്ടുമണിക്കൂറിൽ രണ്ട് കിലോമീറ്റർ യാത്രയ്ക്കുള്ള ചിലമ്പത്തൊടി ട്രക്കിങ്ങിന് ആറുപേർക്ക് 600 രൂപയും നാല് കിലോമീറ്റർ മൂന്നു മണിക്കൂറിൽ യാത്രയാണ് ആനടിയൻ പാറയിലേക്ക്. മൂന്നുപേർക്ക് 900 രൂപയാണ് നിരക്ക്. നാലുമണിക്കൂറിൽ അഞ്ച് കിലോമീറ്റർ നടന്നാൽ വാച്ച് ടവറിൽ എത്താൻ കഴിയും. മൂന്നുപേർക്ക് 1200 രൂപയാണ് നിരക്ക്. ഏറ്റവും ദൂരം കൂടിയ ആയക്കുറുശിയിൽ എത്താൻ ആറ് മണിക്കൂറിൽ എട്ടു കിലോമീറ്റർ നടക്കാം. മൂന്നുപേർക്ക് 1800 രൂപയാണ് അധികൃതർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

എല്ലാ യാത്രകൾക്കൊപ്പവും വനംവകുപ്പിന്റെ വാച്ചർ കൂടെയുണ്ടാവും. പ്രധാന കേന്ദ്രങ്ങളിൽ എത്തുമ്പോൾ പെരിങ്ങോട്ടുകുറുശി, കുത്തനൂർ പ്രദേശത്തിന്റെയും മറുഭാഗത്ത് ചേലക്കര പഴയന്നൂർ പ്രദേശത്തിന്റെയും വലിയൊരു ഭാഗം ഉയരത്തിൽനിന്ന് കാണാനാവും. മുനിയറകളും തടയണയും വലിയ പാറകളും കാണാം. വിവിധതരം പക്ഷികൾ, മയിലുകൾ, ചിത്രശലഭങ്ങൾ എന്നിവയുടെ കാഴ്ചയും കാണാം. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയമെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാജൻ പ്രഭാശങ്കർ അറിയിച്ചു.

