KOYILANDY DIARY.COM

The Perfect News Portal

തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

ബുലന്ദ്‌ഷഹർ, അംബാല: അംബാല-ദില്ലി ഹൈവേയിൽ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൊഹ്‌റ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലരുടെ നില ​ഗുരുതരമാണ്. ജമ്മു കശ്മീരിലെ വൈഷ്ണോദേവിയിലേക്ക് 25 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി  യാത്രക്കാരൻ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കക്കോട് സ്വദേശികളാണ് കൊല്ലപ്പെട്ടവരെല്ലാം. ഭോപത്പൂർ ഗ്രാമത്തിൽ താമസിക്കുന്ന മഹേഷ് ചന്ദ് (60), വിനോദ് സിംഗ് (54), സത്ബീർ സിംഗ് (40), മനോജ് കുമാർ (45), ഭാര്യ ഗുഡ്ഡി (43), ആറ് മാസം പ്രായമുള്ള ദീപ്തി എന്നിവരാണ് മരിച്ചത്.
ഇവര്‍ ജമ്മു കശ്മീരിലെ വൈഷ്ണോ ദേവിയിലേക്ക് തീർഥാടനത്തിന് പോകുകയായിരുന്നു. ട്രക്ക് ഡ്രൈവർക്കെതിരെ ഐപിസി സെക്ഷൻ 304 എ പ്രകാരം കേസെടുത്തു. അപകടസമയത്ത് യാത്രക്കാർ ഉറങ്ങുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Share news