അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി

ന്യൂഡൽഹി: അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. 24 വർഷം മുമ്പത്തെ അപകീർത്തി പരാമർശ കേസിലാണ് സാമൂഹിക പ്രവർത്തക മേധ പട്കർ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ഇപ്പോഴത്തെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന വർഷങ്ങൾക്ക് മുൻപ് നൽകിയ കേസിലാണ് നടപടി. സക്സേന, അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.ജി.ഒ. നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ അധ്യക്ഷനായിരിക്കേ 2000 മുതലാണ് മേധയുമായുള്ള നിയമപോരാട്ടത്തിലേക്ക് നയിച്ച സംഭവ വികാസങ്ങൾ നടക്കുന്നത്.

തനിക്കും നർമദ ബച്ചാവോ ആന്ദോളനുമെതിരേ പരസ്യമായി അധിക്ഷേപിച്ചതിനെതിരെ മേധ, സക്സനേയ്ക്കെതിരേ കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് മേധയ്ക്കെതിരേ സക്സേന രണ്ട് കേസുകൾ കൊടുത്തു. ടി.വി. ചാനലിലൂടെ അപകീർത്തി പരാമർശം നടത്തിയെന്നും അപകീർത്തി പ്രസ്താവന നടത്തിയെന്നും കാണിച്ചായിരുന്നു ഇത്.

മെട്രോപോളിറ്റൻ മജിസ്ട്രേട്ട് രാഘവ് ശർമയാണ് മേധ കുറ്റക്കാരിയാണെന്ന് വിധിച്ചത്. രണ്ടുവർഷം വരെ തടവ് അല്ലെങ്കിൽ പിഴ അതുമല്ലെങ്കിൽ ഇവ രണ്ടും കൂടി ലഭിക്കുന്ന കുറ്റങ്ങളാണ് മേധ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.
