കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ആന്ധ്രയിൽനിന്നാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ വിളിച്ചതാണ് നിർണായകമായത്.

ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് സംഘം കർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണു പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ഇയാളെ കാസർകോട്ട് എത്തിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. രാത്രിയോടെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

15ന് പുലർച്ചെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നു. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം. പ്രതി കുടക് സ്വദേശിയാണെന്നും പ്രദേശവുമായി അടുത്തബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
