KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനം തുടങ്ങി

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ടവികസന പ്രവർത്തികൾ ആരംഭിച്ചു. 2020-ൽ അടിസ്ഥാന ഘടകങ്ങൾ മാത്രം പൂർത്തിയാക്കിയാണ് ഹാർബർ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനായി മത്സ്യ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് നിരന്തരം ആവശ്യം ഉയർന്നിരുന്നു. തൊഴിലാളിയൂണിയനുകൾ സർക്കാറിലേക്ക് നിരവധി നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഹാർബർ കമ്മീഷൻ ചെയ്തതിന് ശേഷം മത്സ്യബന്ധന യാനങ്ങളുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ലോക്കർ മുറികൾ, നെറ്റ് മെൻഡിംഗ് ഷെഡ്, വിശ്രമ മന്ദിരം, ബർത്തിംഗ് ജട്ടി, പാർക്കിംഗ് ഏരിയ, റോഡ്, നിലവിലുള്ള നിർമ്മിതിയുടെ അറ്റകുറ്റപണിക ഇലക്ട്രിഫിക്കേഷൻ, കോൾഡ്‌സ്റ്റോറേജ്, വാട്ടർ സപ്ളൈ, സി.സി. ടി വി, ഡ്രഡ്ജിംഗ് എന്നിവയുടെ പ്രൊപ്പോസൽ അയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അറുപത് ശതമാനം കേന്ദ്ര സഹായത്തോടെയും നാല്പത് ശതമാനം കേരള സർക്കാറും വിവിധ ഘടങ്ങളുടെ നിർമ്മാണത്തിനായി 20.90 കോടി രൂപയും ഡ്രഡ്ജിംഗിന് 5.88 രൂപയ്ക്കും ഭരണാനുമതി നല്കിയിരുന്നു.
ഹാർബറിൽ യാനങ്ങളുടെ എണ്ണം കൂടിയതിനാൽ മീൻ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികൾ കാത്ത് നില്ക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി 100 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലും ബർത്തിം 5 ജട്ടിയുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. പൈലിംഗ് ജോലി പൂർത്തിയായി കൊണ്ടിരിക്കയാണ്. ഹാർബറിൻ്റെ തെക്ക് ഭാഗത്ത് ഹാർബർ ബേസിനിൽ വലിയ തോതിൽ മണ്ണടിഞ്ഞ് കൂടിയിരിക്കയാണ്. 50 ഹെക്ടർ ഭാഗത്താണ് മണ്ണ് രൂപപ്പെട്ടത്. 2019 ലെ പ്രളയത്തെ തുടർന്ന് വൻതോതിലാണ് മണ്ണ് അടിഞ്ഞത്. അതോടെ ഹാർബറിൻ്റെ ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ഈ ചെളി ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. 2.28 ലക്ഷം ക്യൂബിക് മീറ്റർ ഡ്രഡ്ജിംഗ് ആണ് നടക്കുന്നത്. ചെളി ഹാർബറിൽ നിന്ന് മുറിച്ചെടുത്ത് വടക്ക് ഭാഗത്തേക്ക് പൈപ്പ്ലൈൻ വഴി തള്ളുകയാണ് ചെയ്യുന്നത്. ചെളി നിറഞ്ഞതിനാൽ ഇത് നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹാർബർ ആൻ്റ് എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് എഞ്ചിനീയർ എം.എസ് രാകേഷ് പറഞ്ഞു.
മൺസൂൺ തുടങ്ങുന്നതിന് മുമ്പ് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കടലിൻ്റെ സവിശേഷത കാരണം മണ്ണടിഞ്ഞു കൂടുന്ന പ്രതിഭാസം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ണെടുത്ത് മാറ്റിയാൽ മൺസൂൺ കാലത്ത് ബോട്ടുകൾക്കും വള്ളങ്ങൾക്കും സുരക്ഷിതമായി നങ്കൂരമിടാൻ കഴിയും. മത്സ്യ തൊഴിലാളികളുടെയും ബോട്ടുടുകളുടെയും ആശങ്കൾക്ക് ഇതോടെ പരിഹാരമാകും. ഡ്രജിംഗ് ഒഴികെയുള്ള പ്രവർത്തികൾ കരാറെടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.
Share news