ലോഡ് ഷെഡിങ് ഇല്ലാതെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാക്കി കെഎസ്‌ഇബി

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങിലേക്ക് പോകാതെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാക്കി കെഎസ്‌ഇബി. ഉപയോക്താക്കളുടെ സഹകരണം ഉറപ്പാക്കിയതിലൂടെയും വേനൽമഴ ലഭിച്ചതിനാലും ആകെ വൈദ്യുതി ഉപയോഗവും രാത്രി ഉയർന്ന ഉപയോഗ സമയത്തെ (പീക്ക് ടൈം) ആവശ്യകതയും താരതമ്യേന കുറഞ്ഞു. മേയിലെ മിക്കദിവസങ്ങളിലും നേരിട്ട 110 ദശലക്ഷത്തിനടുത്തെ ഉപയോഗം വ്യാഴാഴ്‌ച 101.09 ദശലക്ഷം യൂണിറ്റായാണ് കുറഞ്ഞത്.

5700 മെഗാവാട്ടിനു മുകളിലേക്കുപോയ ഉയർന്ന ഉപയോഗ സമയത്തെ ആവശ്യകത ബുധനാഴ്‌ച 5209 മെഗാവാട്ടിലെത്തി. ലോഡ്‌ഷെഡിങ്ങിനു പുറമെ പ്രാദേശിക നിയന്ത്രണവും വേണ്ടിവരില്ലെന്നാണ് കെഎസ്‌ഇബി വിലയിരുത്തൽ. വൻകിട വൈദ്യുതി ഉപയോക്താക്കൾ, വാട്ടർ അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉയർന്ന ഉപയോഗ സമയത്തെ പ്രവർത്തനസമയം ക്രമീകരിച്ചതിലൂടെ 117 മെഗാവാട്ട് ഉപയോഗം കുറയ്‌ക്കാനായി.

25 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഊഷ്‌മാവ് നിശ്ചയിച്ച് എസി പ്രവർത്തിപ്പിക്കുക, രാത്രിയിൽ വൈദ്യുതി ഉപകരണങ്ങൾ പരമാവധി നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉപയോക്താക്കൾ കൂടുതൽ കാര്യക്ഷമമായി പാലിച്ചാൽ പ്രതിസന്ധി പൂർണമായും മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

