മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്

പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്. മികച്ച വീഡിയോ ജേർണലിസ്റ്റ് എന്നതിലുപരി എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധനേടാൻ മുകേഷിന് കഴിഞ്ഞിരുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മുകേഷിന്റെ വേർപാട് മലയാള മാധ്യമ രംഗത്തിന് വലിയ നഷ്ടമെന്നും മന്ത്രി പറഞ്ഞു.

“മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് വിഡിയോ ജേർണലിസ്റ്റ് മുകേഷ് കൊല്ലപ്പെട്ട വിവരം അത്യന്തം ഞെട്ടലുളവാക്കുന്നതും വേദനാജനകവുമാണ്. ദീർഘകാലം ഡൽഹിയിലും ഒരു വർഷമായി പാലക്കാടും ജോലി ചെയ്യുമ്പോൾ മികച്ച വീഡിയോ ജേർണലിസ്റ്റ് എന്നതിലുപരി എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധനേടാൻ മുകേഷിന് കഴിഞ്ഞിരുന്നു.

അതിജീവനം എന്ന പേരിൽ മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയും ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനങ്ങളും മുകേഷ് എന്ന ജനപക്ഷ മാധ്യമപ്രവർത്തകന്റെ അടയാളങ്ങളായി മാറി. മുകേഷിന്റെ വേർപാട് മലയാള മാധ്യമ രംഗത്തിന് വലിയ നഷ്ടമാണ്. മുകേഷിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.”

