KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും.

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വർധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വർധിച്ചു. പീക്ക് സമയത്തെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് ബോർഡിനെ ആശങ്കയിലാക്കുന്നു.

 

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തി. ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിർദ്ദേശങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തിൽ തുടരണമെന്നതിൽ യോഗം തീരുമാനമെടുക്കും.

Advertisements
Share news