KOYILANDY DIARY.COM

The Perfect News Portal

ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 217.22 കോടിയുടെ വായ്‌പകൂടി

തിരുവനന്തപുരം: ലൈഫ്‌ സമ്പൂർണ പാർപ്പിട പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നഗരസഭകളുടെ വിഹിതം നൽകുന്നതിന്‌ 217.22 കോടി രൂപയുടെ വായ്‌പയ്ക്ക്‌ ധനവകുപ്പ്‌ അനുമതി നൽകി. നഗരസഭാ വിഹിതം വിതരണം ചെയ്യാനുള്ള തുകയാണ്‌ ഹഡ്‌കോയിൽനിന്ന്‌ വായ്‌പയായി ലഭ്യമാക്കുന്നത്‌. പിഎംഎവൈ (അർബൻ)യിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച വിശദ പദ്ധതിയിൽ ഉൾപ്പെട്ട 10,861 പേർക്കാണ്‌ ലൈഫ്‌ വിഹിതം ലഭ്യമാകുക.

ലൈഫ്- പിഎംഎവൈ അർബൻ പദ്ധതിക്കായി കേന്ദ്രം നൽകുന്നത്. ഒന്നരലക്ഷം രൂപ മാത്രമാണ്‌. ബാക്കി രണ്ടര ലക്ഷം രൂപ നൽകുന്നത്‌ സംസ്ഥാന സർക്കാരാണ്. ഈ പണമാണ് സംസ്ഥാനം വായ്പവഴി നൽകുന്നത്. ഈ വായ്പ തിരിച്ചടയ്ക്കുന്നതും സംസ്ഥാന സർക്കാരാണ്. ലൈഫ്  മിഷൻ പദ്ധതിയിൽ  ഇതുവരെ പൂർത്തിയായ വീടുകളുടെ എണ്ണം നാലു ലക്ഷം കടന്നു. ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 4,03,568 വീടാണ് ആകെ നിർമിച്ചത്. 1,00,042 വീടിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്.

 

സംസ്ഥാനത്ത് ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്. പൂർത്തിയായ 4,03,568  വീടുകളിൽ 2,86,780 എണ്ണവും (72 ശതമാനം) പൂർണമായി സംസ്ഥാന സർക്കാരിന്റെ ചെലവിലാണ് നിർമിച്ചത്. ഈ വീടുകൾക്ക് നാലു ലക്ഷം രൂപ വീതവും പട്ടികവർഗക്കാരാണെങ്കിൽ ആറുലക്ഷം രൂപവീതവുമാണ്‌ നൽകുന്നത്‌. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിൽ 33,517 വീടാണ്‌ പൂർത്തിയാക്കിയത്. ഈ വീടുകൾക്ക് 72,000 രൂപ മാത്രമാണ്‌ കേന്ദ്രവിഹിതം. ശേഷിക്കുന്ന 3,28,000 രൂപ സംസ്ഥാന സർക്കാരാണ് നൽകുന്നത്.

Advertisements
Share news