KOYILANDY DIARY.COM

The Perfect News Portal

‘സമയം’ ജീവിതത്തോട് ചേർത്തുവെച്ച് ഷീബ 26 വർഷം പിന്നിടുന്നു

കൊയിലാണ്ടി: ‘സമയം’ ജീവിതത്തോട് ചേർത്തുവെച്ച് 26 വർഷം പിന്നിടുമ്പോൾ തൊഴിലുമായി ബന്ധപ്പെട്ട് ഷീബയ്ക്ക് ഏറെ പറയാനുണ്ട്. മൊബൈൽ ഫോണുകളിൽ സമയം നോക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ആളുകൾ വാച്ചിനെ ഇതുവരെയും പുറംതള്ളിയിട്ടില്ല. ഒരു പക്ഷെ ആളുകൾ വാച്ചിൽ പലപ്പോഴും സമയം നോക്കിയില്ലെങ്കിലും വാച്ച് അണിഞ്ഞ് നടക്കുക എന്നത് ശീലമായിപ്പോയി എന്നത് തന്നെയാണ് ഉത്തരം. വില കൂടിയ കമ്പനി വാച്ചുകാൾ വാങ്ങി അണിയുക എന്നതും മലയാളിയെ സംബന്ധിച്ച് അഭിമാനമാണ്.
ഐ ലെൻസ് കണ്ണിനോട് ചേർത്ത് വെച്ച് നഗ്ന നേത്രംകൊണ്ട് കാണാൻ സാധിക്കാത്ത ചെറിയ മെഷീനറികളിൽ അനായാസേന മേക്കിം ജോലിയിൽ ഏർപ്പെടുന്ന കൊല്ലം മഠത്തിക്കണ്ടി ഷീബ ജില്ലയിൽ വാച്ച് റിപ്പയറിംഗ് രംഗത്ത് ഏറ്റവും കൂടുതൽ കാലം തൊഴിൽചെയ്യുന്ന വനിതയായിരിക്കുമെന്നാണ് കൊയിലാണ്ടി മുരളീധർ വാച്ച് വർക്സ് ഉടമയായ സോപാനത്തിൽ അശോകന് പറയാനുള്ളത്. 
1991-93 ൽ കോഴിക്കോട് ഗവ. ഐടിഐയിൽ വാച്ച് ആൻഡ് ക്ലോക്ക് റിപ്പയർ എന്ന ദ്വി വർഷ കോഴ്‌സ് പാസായാണ് ഷീബ ഈ രംഗത്തെത്തിയത്. അന്ന് കോഴ്‌സ് പാസായ പലരും എച്ച്എംടി യിൽ ജോലിക്കാരായപ്പോൾ ജോലിക്ക് വേണ്ടി അധികം കാത്തുനിൽക്കാതെ കൊയിലാണ്ടി ടൗണിലെ കടയിൽ വാച്ച് റിപ്പയറിങ് ജോലിക്കാരിയായി. വാച്ച് മേക്കർ കേളപ്പൻ്റെ ഉട്സ്ഥതയിലുള്ള മുരളീധർ വാച്ച് വർക്സിൽ 1998 മുതൽ ജോലിയിലേർപ്പെട്ടുവരുന്നു.
വാച്ച്, ക്ലോക്ക് റിപ്പയറിങിൽ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടാണ് അവർ തൊഴിലിൽ ഏർപ്പെടുന്നത്. റിപ്പയർ ചെയ്യാൻ കൊണ്ടുവന്ന വാച്ചിൻ്റെ എല്ലാ നാഡി നരമ്പുകളും ഇഴകീറി പരിശോധിച്ച് മികച്ച സർവ്വീസ് നൽകുന്നതിൽ ഷീബയ്ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. എന്നാൽ മാന്യമായതും സാമ്പത്തിക വരുമാനവുമുള്ള ഈ ജോലിയിലേക്ക് വനിതകൾ കടന്നുവരുന്നില്ല എന്ന പരാതിയാണ് ഷീബയ്ക്കുളളത്.
ഷീബയിൽനിന്ന് തൊഴിൽ പ്രവീണ്യം നേടിയ നിരവധി പേർ ഇന്ന് ഗൾഫിലടക്കം നിരവധി വിദേശ രാജ്യങ്ങളിൽ ഈ ജോലി ചെയ്യുന്നുണ്ടെന്ന് മുരളീധർ വാച്ച് വർക്സിന്റെ ഇപ്പോഴത്തെ ഉടമ അശോകൻ സോപാനം പറഞ്ഞു. ബസ് കണ്ടക്ടറായ ഭർത്താവ് സുരേഷും വിവാഹിതയായ മകൾ അശ്വതിയുമടങ്ങുന്നതാണ് ഷീബയുടെ കുടുംബം.
Share news