KOYILANDY DIARY.COM

The Perfect News Portal

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; സര്‍വീസ് ഞായറാഴ്ച ആരംഭിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ബംഗളൂരു സര്‍വീസ് ഞായറാഴ്ച ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ ബസ്, കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കാണ് സര്‍വീസ് നടത്തുക. ബസ് ജീവനക്കാര്‍ക്കുള്ള പരിശീലനം കോഴിക്കോട് നടന്നു.

ഏറ്റവും തിരക്കേറിയ കോഴിക്കോട്- ബംഗളൂരു അന്തര്‍സംസ്ഥാന പാതയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ യാത്രയ്ക്കായി ഉപയോഗിച്ച ബസ് സര്‍വീസ് നടത്തുക. ആദ്യ സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിക്കും. രാവിലെ 11:35ന് ബംഗളൂരു എത്തും. ഉച്ചയ്ക്ക് 2:30ന് പുറപ്പെട്ട് രാത്രി 10:05ന് കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

 

1171 രൂപയാണ് ടിക്കറ്റ് നിരക്ക്. 26 പുഷ്ബാക്ക് സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സര്‍വീസിനുള്ള ബുക്കിംഗ് കഴിഞ്ഞു. യാത്രക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിഎംഎ നാസര്‍ പറഞ്ഞു. ബസ് ജീവനക്കാര്‍ക്കുള്ള പരിശീലനം കോഴിക്കോട് നടക്കാവിലെ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നടന്നു.

Advertisements

 

താമരശ്ശേരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, സംസ്ഥാന അതിര്‍ത്തി, ഗുണ്ടല്‍പേട്ട് മൈസൂര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ട്. ബസിന്റെ നിറത്തിലോ, ബോഡിയിലോ മാറ്റങ്ങളില്ല. ലഗേജിനും സ്ഥലമുണ്ട്. മുമ്പുണ്ടായിരുന്ന ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബെയ്സിന്‍ എന്നിവ നിലനിര്‍ത്തി. ടിവിയും മ്യൂസിക് സിസ്റ്റവും ലഘുപാനീയവും ലഘുഭക്ഷണവും ബസില്‍ ലഭ്യമാക്കും.

Share news