മദ്യനയ അഴിമതികേസ്; ആംആദ്മി എംപി സഞ്ജയ് സിങ്ങിന് ജാമ്യം
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന ആംആദ്മിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറു മാസത്തിനുശേഷമാണ് കേസിൽ സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. വിചാരണക്കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തിഹാർ ജയിലിലായിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍, ബിആർഎസ് നേതാവ് കെ കവിത എന്നിവരും കേസിൽ തിഹാർ ജയിലിലുണ്ട്.




