KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഈ മാസം 28 വരെ കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഈ മാസം 28 വരെ കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ജസ്റ്റീസ് കാവേരി ബവേജയാണ് കേസ് പരിഗണിച്ചത്. അഭിഷേക് സിംഗ് വി കെജ്രിവാളിനായി ഹാജരായി. അന്വേഷണത്തോട് കെജ്‌രിവാള്‍ നിസ്സഹകരിക്കുന്നതിനാല്‍ പത്ത് ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെടുകയായിരുന്നു. ആറ് ദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി റോസ് അവന്യു  കോടതി അനുവദിച്ചത്. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ പത്തു മിനിറ്റ് സമയവും അനുവദിച്ചിരുന്നു.

എൻ്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചതാണ്. അകത്തായാലും പുറത്തായാലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരും എന്നാണ് അറസ്റ്റിന് ശേഷം ആദ്യമായി കെജ്രിവാൾ പ്രതികരിച്ചത്. കെജ്രിവാളുമായുള്ള വാഹനവ്യൂഹം  ഇഡി ആസ്ഥാനത്തേക്ക് പുറപ്പെട്ടു

അതേസമയം, നിരവധി പരിശോധനകളും അന്വേഷണങ്ങളും നടത്തിയിട്ടും 70,000 രൂപ മാത്രമാണ് ഇ ഡിക്ക് കണ്ടെത്താനായത്. ഇത് രാഷ്ട്രീയ പകപോക്കല്‍ നടപടിയാണ് എന്നും കെജ്രിവാളിൻ്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.  രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. ഇന്ത്യ മുന്നണിയും പ്രതിപക്ഷ കക്ഷികളും കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം തുടരുകയാണ്. 

Advertisements

അഴിമതി പണം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നു വാദം

തെളിവുകള്‍ നശിപ്പിച്ചു എന്ന വാദവും ഇതിന് പിന്നാലെ ഇ ഡി ഉന്നയിച്ചു. മദ്യനയം രൂപീകരിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചു. ഇടനിലക്കാരന്‍ വഴി കോഴപ്പണം നേടി. ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു തുടങ്ങിയ വാദങ്ങളും നിരത്തി. സൌത്ത് ഗ്രൂപ്പിനും എ എ പിക്കും ഇടയില്‍ മലയാളിയായ വിജയ് നായര്‍ ഇടനിലക്കാരനായിരുന്നു എന്നും മാപ്പു സാക്ഷികളെ ഉപയോഗിച്ച് ഇ ഡി പക്ഷം വാദിച്ചു. 45 കോടി ഇടനിലക്കാർ വഴി ഗോവയിലേക്ക് കടത്തിയിട്ടുണ്ട്. മദ്യനയത്തിൽ സൌത്ത് ഗ്രൂപ്പിന് മേൽക്കൈ ലഭിക്കുന്നതിന് സൌകര്യം ചെയ്താണ് പണം നേടിയത് എന്നും വാദിച്ചു. 

ബി ആര്‍ എസ് നേതാവ് കവിതയുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഇത് അഴിമതിയുടെ ഭാഗമാണ് എന്നും കേസില്‍ ആരോപിക്കുന്നുണ്ട്. നേരത്തെ സുപ്രീം കോടതിയില്‍ കെജ്രിവാളിന്റെ അഭിഭാഷകന്‍  നല്‍കിയ ജാമ്യ ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇ.ഡി കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കുന്നതായി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വിയാണ് കോടതിയെ അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മറ്റൊരു കേസില്‍ ഹാജരായതിനു പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാനുള്ള അനുമതി സഞ്ജീവ് ഖന്ന നല്‍കി.

കെജ്രിവാളിനെ റിമാന്‍ഡ് ചെയ്യാനുള്ള ആവശ്യം വിചാരണ കോടതിയില്‍ ഇഡി ഉന്നയിച്ചു. ആ ഹര്‍ജിയും സുപ്രീംകോടതിയിലെ ഹര്‍ജിയും പരിഗണിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്നാണ് വ്യക്തമാക്കിയത്

ഹൈക്കോടതിയേയോ വിചാരണ കോടതിയേയോ സമീപിക്കാനാവും സുപ്രീം കോടതി പറയുക എന്ന സാധ്യക കൂടി കണക്കിലെടുത്താണ് ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം. നേരത്തെ, മദ്യനയ കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹര്‍ജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാര്‍ഗങ്ങളുണ്ടെന്നും ആ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇലക്ഷൻ കമ്മീഷനെ സമീപിക്കുമെന്ന് മമത

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി രംഗത്ത് എത്തി. ഇഡിയുടെ നീക്കം ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണമാണെന്നും കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ബോധപൂർവ്വം ഉന്നം വയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാക്കളെ ബോധപൂർവ്വം ലക്ഷ്യമിടുന്നതിലും അറസ്റ്റുചെയ്യുന്നതിലും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ ഇന്ത്യ സഖ്യം ഇലക്ഷൻ കമ്മിഷനെ കാണുമെന്നും അവർ വ്യക്തമാക്കി.

Share news