KOYILANDY DIARY.COM

The Perfect News Portal

യാഥാർത്ഥ്യമായി തലശ്ശേരി മാഹി ബൈപ്പാസ്

അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയൽ റണ്ണിനായി ബൈപ്പാസ് തുറന്ന് കൊടുത്തു. കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിലാണ് മാഹി ബൈപ്പാസ്.

വടക്കേ മലബാറിന്റെ അഞ്ച് പതിറ്റാണ്ടിലധികം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. സ്ഥലമേറ്റെടുക്കാൻ കഴിയാത്തതിനാൽ പദ്ധതി അനിശ്ചിതമായി വൈകുകയായിരുന്നു. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കടമ്പകൾ മറികടന്ന് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. 1300 കോടി രൂപ ചിലവഴിച്ചാണ് 18.6 കിലോമീറ്റർ ദൂരത്തിൽ ബൈപ്പാസ് നിർമ്മിച്ചത്. തലശ്ശേരി നഗരവും മാഹിയും അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.

 

 

നാല് വലിയ പാലങ്ങൾ, നാല് സബ് വേകൾ, 21 അണ്ടർ പാസ്സുകൾ, ഒരു ടോൾ പ്ലാസ, റെയിൽവേ മേൽപ്പാലം എന്നിവ ഉൾപ്പെടുന്നതാണ് മാഹി ബൈപ്പാസ്. അഞ്ചരമീറ്റർ വീതിയിൽ ഇരുഭാഗത്തും സർവ്വീസ് റോഡുകളുമുണ്ട്. മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് 15 മിനിറ്റിനകം എത്തിച്ചേരാം. ഉദ്ഘാടനത്തിന് മുൻപായി ട്രയൽ റണ്ണിന് തുറന്ന് കൊടുത്തതോടെ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്ന് പോകുന്നത്.

Advertisements
Share news