KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 29ന് ആരംഭിക്കും

കൊയിലാണ്ടി: ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി – കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 29ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാചകൻ്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകർ കേരളത്തിൽ കൊടുങ്ങല്ലൂരിലും, കാസർഗോഡും, പന്തലായനിയിലും എത്തിയെന്നാണ് ചരിത്രം. കൊല്ലത്ത് വന്ന മുസ്ലിംങ്ങൾക്ക് അക്കാലത്തെ ഹൈന്ദവ നാടുവാഴികൾ നൽകിയ വരവേൽപ്പ് മത സൗഹാർദ്ദത്തിൻ്റെ തുടക്കമായിരുന്നു. കൊല്ലം പാറപ്പള്ളി കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന 14 – ഓളം വരുന്ന പ്രമുഖരുടെ അനുസ്മരണമാണ് ഉറൂസ്.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി 29 ന് കാലത്ത് 8 മണിക്ക് പതാക ഉയർത്തുന്നതോടെ ഉറൂസ് ആരംഭിക്കും. അന്നേ ദിവസം കാലത്ത് 10 മണിക്ക് പാറപ്പള്ളി പന്തലായനിയുടെ പൈതൃകം ചരിത്ര സെമിനാർ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നാരായണൻ, ഡോ. രാഘവവാര്യർ മുഖ്യ അതിഥികളാകും. പ്രമുഖ പ്രഭാഷകനും ചരിത്രാന്വേഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ, കലിക്കറ്റ് സർവ്വകലാശാല പ്രൊഫ. ഡോ.  ശിവദാസൻ, ഡോ. ശ്രീജിത്ത് എന്നിവർ വിഷയാവതരണം നിർവഹിക്കും. അഡ്വ. ഓണം മ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററാകും.
വൈകിട്ട് 6ന് എസ്. വൈ.എസ് കോഴിക്കോട് ജില്ല കമ്മിറ്റിയും – കൊല്ലം മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പാറപ്പള്ളി മജ്ലിസ്സുന്നൂർ നടക്കും. സയ്യിദ് ടി.പി.സി തങ്ങൾ, സയ്യിദ് സനാഉള്ള ബാ അലവി തങ്ങൾ, എ വി.അബ്ദുറഹ്മാൻ മുസ്ല്യാർ, നാസർ ഫൈസി കൂടത്തായി എന്നിവർ സംസാരിക്കും. മാർച്ച് 1ന് രാത്രി നൂറെ അജ്മീർ വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും. മാർച്ച് 2ന് രാത്രി ഹാഫിള് നിസാമുദ്ദീൻ അസ്ഹരി കുമ്മനം സംസാരിക്കും. ഉറൂസ് മാർച്ച് 3ന് സമാപിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദുമാർ ഖാസിമാർ, ഖത്തീബുമാർ സമാപനത്തിൽ പങ്കെടുക്കും.
സമാപന പ്രാർത്ഥന സദസ്സിന് ശൈഖുന ഉമർ മുസ്ല്യാർ കൊയ്യോട് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ഖാസി അബ്ദുൾ ജലീൽ ബാഖവി, മഹല്ല് പ്രസിഡണ്ട് സിദ്ദീഖ് കുട്ടുംമുഖം, ഉറൂസ് ജനറൽ കൺവീനർ അൻസാർ കൊല്ലം, തമീമുൽ അൻസാരി ദഅവ കോളേജ് പ്രിൻസിപ്പാൾ സുഹൈൽ ഹൈതമി പളളിക്കര, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബഷീർ ദാരിമി പന്തിപ്പൊയിൽ, കൺവീനർ മൊയ്തീൻ മാസ്റ്റർ നമ്പ്രത്തുകര എന്നിവർ സംബന്ധിച്ചു.
Share news