മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. നവംബർ 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. കോഴിക്കോട്ടെ ദൃശ്യമാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് നടക്കാവ് പൊലിസ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്‌തതിന് നടപടിയെടുക്കണമെന്നാണ് പരാതി.

ഒക്ടോബർ 18ന് കോഴിക്കോട് തളി ക്ഷേത്രത്തിലെ രേവതി പട്ടത്താനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപിയെ ഹോട്ടലിൽവച്ച് ദൃശ്യമാധ്യമപ്രവർത്തകർ കണ്ടപ്പോഴായിരുന്നു മാന്യമല്ലാത്ത പെരുമാറ്റം. തൃശൂരിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവേ മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവയ്‌ക്കുകയായിരുന്നു. പിന്നാക്കം മാറിയ അവരുടെ തോളിൽ വീണ്ടും കൈവയ്‌ക്കുകയായിരുന്നു.

