ഐടി കയറ്റുമതി വരുമാനത്തിൽ കുതിപ്പ് തുടർന്ന് ടെക്‌നോപാർക്ക്
തിരുവനന്തപുരം: ഐടി കയറ്റുമതി വരുമാനത്തിൽ കുതിപ്പ് തുടർന്ന് ടെക്‌നോപാർക്ക്. 2022–-23 സാമ്പത്തിക വർഷം 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് നേടിയത്. മുൻവർഷത്തെക്കാൾ 1855 കോടി രൂപ അധികമാണിത്. 19 ശതമാനമാണ് വർധന. സാമ്പത്തികനിലയിൽ കൃത്യമായ പുരോഗതി നിലനിർത്തുകയും ക്രയവിക്രയം സുഗമമായി നടത്തുകയും ചെയ്തതിന് ക്രിസിൽ (ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ് ഗ്രേഡ് കഴിഞ്ഞ മൂന്നു വർഷമായി ടെക്‌നോപാർക്ക് നിലനിർത്തുന്നുണ്ട്.

നിലവിൽ 768.63 ഏക്കറിൽ 11.22 മില്യൺ ചതുരശ്രയടി സ്ഥലത്തായി 486 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 72,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 46 കമ്പനികൾ ടെക്‌നോപാർക്കിൽ പുതിയ ഐടി/ഐടിഇഎസ് ഓഫീസ് ആരംഭിച്ചു.

ഈ വളർച്ച കേരളത്തിൻറെ ഐടി മേഖലയ്‌ക്ക് ശുഭസൂചനയാണെന്നും സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ പിന്തുണയോടെ ടെക്‌നോപാർക്ക് നേരിട്ടു നടത്തുന്ന വികസന പ്രവർത്തനങ്ങളും കോ ഡെവലപ്പർമാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും ഐടി മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

