KOYILANDY DIARY.COM

The Perfect News Portal

ചിട്ടി സ്ഥാപനങ്ങളിൽ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാകുന്നത്‌ കെഎസ്‌എഫ്‌ഇ; മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയുടെ മൊബൈൽ ആപ് പുറത്തിറക്കി. സർക്കാർ ചിട്ടി സ്ഥാപനങ്ങളിൽ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാകുന്നത്‌ കെഎസ്‌എഫ്‌ഇയിലാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ ബിസിനസ്‌ ഒരു ലക്ഷം കോടിയിലേക്ക്‌ ഉയർത്താനാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. നിലവിൽ 76,000 കോടിയുടെ ബിസിനസുണ്ട്‌. കെഎസ്‌എഫ്‌ഇയുടെ മൊബൈൽ ആപ് ‘കെഎസ്‌എഫ്‌ഇ പവർ’ ൻറെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഏതൊരു മ്യൂച്ചൽ ഫണ്ടിനേക്കാളും ആദായം കെഎസ്‌എഫ്‌ഇ ചിട്ടിയിലൂടെ ലഭിക്കും. നിലവിൽ 30– 32 ശതമാനം വാർഷിക വളർച്ചയാണ്‌ കെഎസ്‌എഫ്‌ഇക്ക്‌. കെഎസ്‌എഫ്‌ഇയുടെ മൂലധനം വർധിപ്പിക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. പുതിയ ഡയമണ്ട്‌ ചിട്ടിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. സർക്കാരിനു ഗ്യാരന്റി കമീഷനായി കെഎസ്‌എഫ്‌ഇ നൽകുന്ന 56.74 കോടി രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി.

മന്ത്രി ആൻറണി രാജു അധ്യക്ഷനായി. കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, ഡയറക്‌ടർ കെ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.‘കെഎസ്‌എഫ്‌ഇ പവർ’ എന്ന മൊബൈൽ ആപ്പിലൂടെ ചിട്ടി മാസത്തവണകൾ അടയ്‌ക്കാനും പ്രോക്‌സി നൽകാനും അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനും സാധിക്കും.

Advertisements

 

Share news