KOYILANDY DIARY.COM

The Perfect News Portal

വയനാട് മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം:വയനാട് മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പോരായ്‌മകള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടതാണ്. 100 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയിരുന്നു.

കേരള ആരോഗ്യ സര്‍വ്വകലാശാല പരിശോധന നടത്തി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. 2024ലെ അഡ്‌മിഷന്‍ നടത്താനായി ആദ്യ വര്‍ഷ ക്ലാസുകള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി എന്‍എംസിയുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങളൊരുക്കണം. മാനന്തവാടി താലൂക്കില്‍ തലപ്പുഴ ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജിന് വേണ്ടി പ്രഖ്യാപിച്ച ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള 65 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരമാണ് കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസമുണ്ടായത്. അടിയന്തരമായി കോടതിയുടെ അനുമതി തേടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ജില്ലാ ആശുപത്രിയ്‌ക്ക് സമീപം ഏറ്റെടുക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Advertisements

സര്‍ക്കാര്‍ തലത്തില്‍ 5 നഴ്‌സിംഗ് കോളേജുകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതില്‍ വയനാടും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍, ജില്ലാ കലക്‌ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news