ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി
കോട്ടയം: പതിനായിരങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ 11 മണി കഴിഞ്ഞിരുന്നു.

28 മണിക്കൂറെടുത്താണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം നിരവധി പേരാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. 12 മണിക്കൂര്‍ കൊണ്ട് തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ യാത്ര വഴിനീളെയുണ്ടായ ജനപ്രവാഹത്താല്‍ പിന്നേയും സാവധാനത്തിലായി.


നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് വേദിയായിട്ടുള്ള കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്നെ ജനനിബിഡമായിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായ നേതാക്കളും അടക്കം വന്‍ ജനാവലിയാണ് തിരുനക്കരയിലുള്ളത്.



