ഇന്ന് ലോക പരിസ്ഥിതി ദിനം: താലൂക്ക് ആശുപത്രിയിലെ അരയാൽ മരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയകേന്ദ്രം

ഇന്ന് ലോക പരിസ്ഥിതി ദിനം. താലൂക്ക് ആശുപത്രിയിലെ അരയാൽ മരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയസ്ഥാനം. 2001-ൽ പന്തലായനി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും നഗരസഭയും ചേർന്ന് താലൂക്ക് ആശുപത്രി മുറ്റത്ത് വെച്ച് പിടിപ്പിച്ച അരയാൽ മരം ഉൾപ്പെടുന്ന ഉദ്യാനം ഇരുപത് വർഷം പിന്നിടുമ്പോൾ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയസ്ഥാനമായി മാറിയിരിക്കയാണ്. അന്നത്തെ ഗേൾസ് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ടി.രമേശൻ, ആശുപത്രി സൂപ്രണ്ട് ഡോ രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കെ. ദാസൻ എന്നിവരാണ് ഉദ്യാനത്തിന്റെ മുൻ നിര പ്രവർത്തകർ.

തലക്കുളത്തൂർ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകർ ശശിധരൻ, വെള്ളിയൂർ യു.പി സ്കൂളിലെ കുട്ടികൃഷ്ണൻ എന്നിവരാണ് ഉദ്യാനം രൂപകല്പനചെയ്തത്. ആശുപത്രി വികസനത്തിനായി ചുറ്റുപാടുമുള്ള മരങ്ങൾ വെട്ടിമാറ്റിയപ്പോഴും ഉദ്യാനം നിലനിർത്തി സംരക്ഷിക്കാൻ ആശുപത്രി പ്രത്യേക താല്പര്യം കാണിച്ചിരുന്നു. 90,000 രൂപയാണ് ചിലവായതെന്ന് കെ.ടി. രമേശൻ പറഞ്ഞു. അമ്മയും കുഞ്ഞും അക്വാറിയവും ഉൾപ്പെട്ടതാണ് ഈ കൊച്ച് ഉദ്യാനം. സ്ഥല പരിമിതി കൊണ്ട് ആശുപത്രി ബുദ്ധിമുട്ടുമ്പോഴും ഉദ്യാനത്തെ നിലനിർത്തുകയായിരുന്നു.
