KOYILANDY DIARY.COM

The Perfect News Portal

ജിയോളജിസ്റ്റ് ചമഞ്ഞ് ക്വാറി ഉടമയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടു പേർ പിടിയിൽ

ജിയോളജിസ്റ്റ് ചമഞ്ഞ് ക്വാറി ഉടമയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശിയായ നീതു. എസ്. പോൾ, നെയ്യാറ്റിൻകര സ്വദേശിയായ രാഹുൽ എന്നിവരാണ് പിടിയിലായത്. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. കൊല്ലം ജില്ല ജിയോളജിസ്റ്റിൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ക്വാറിയുടെ ലൈസൻസ് പുതുക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപ കൈക്കൂലി വേണമെന്ന് ക്വാറി ഉടമയോട് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് രൂപ കൈപ്പറ്റാൻ രണ്ടാം പ്രതിയായ നീതുവിനെ ടാക്സി കാറിൽ ഒന്നാം പ്രതി രാഹുൽ കൊട്ടിയത്ത് എത്തിക്കുകയും ക്വാറി ഉടമയിൽ നിന്ന് പണം വാങ്ങി ഇവർ മടങ്ങുകയുമായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കി ലഭിച്ചില്ല. ഇതിനിടെ ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ പ്രവർത്തന രഹിതമാകുകയും വാട്സാപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും മനസിലാക്കിയ ക്വാറി ഉടമ പണം കൈമാറിയ വിവരം കൊല്ലം ജില്ലാ ജിയോളജിസ്റ്റിനെ വിളിച്ച് അറിയിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം തിരിച്ചറിഞ്ഞത്.

ക്വാറി ഉടമ ഉടൻ തന്നെ പോലീസിലും ജിയോളജിസ്റ്റ് സൈബർ പോലീസിലും പരാതി നൽകി.
ഉപയോഗിച്ച ഫോൺ വിലക്ക് വാങ്ങിയായിരുന്നു ഇരുവരും ക്വാറി ഉടമയെ തട്ടിപ്പിന് ഇരയാക്കിയത്. അമ്മക്ക് സുഖമില്ലെന്നും തൻ്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ  കാണാനില്ലെന്നും പറഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ളയാളുടെ രേഖകൾ കൈക്കലാക്കിയായിരുന്നു ഇവർ സിം കാർഡ് സ്വന്തമാക്കിയത്. ഫോൺ നമ്പറിലെ കോൾ വിവരങ്ങളും പരാതിക്കാരനെ ബന്ധപ്പെടാൻ ഉപയോഗിച്ച വാട്സാപ്പ് സന്ദേശങ്ങളും പിന്തുടർന്നാണ് സൈബർ പോലീസ് പ്രതികളെ  പിടികൂടിയത്.

Advertisements
Share news