KOYILANDY DIARY

The Perfect News Portal

റിപ്പോർട്ട് കാത്ത് അന്വേഷണം സംഘം; സന്ദീപ് മണിക്കൂറുകൾ മെഡിക്കൽ ബോർഡിനു മുന്നിൽ

കൊല്ലം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വിദ​ഗ്ധരടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ മോഹൻ റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സന്ദീപിന്റെ മാനസികനില സംബന്ധിച്ച് മൂന്ന് സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റ്, ഓർത്തോ, ഫിസിഷ്യൻ, ന്യൂറോ സർജൻ എന്നിവരടങ്ങിയ ബോർഡാണ് ബുധനാഴ്ച  മണിക്കൂറുകളോളം വിലയിരുത്തിയത്. അന്തിമ റിപ്പോർട്ടിനു മുമ്പ്‌ ഒരിക്കൽകൂടി ബോർഡ് ചേരാനും സാധ്യതയുണ്ട്.

സന്ദീപിന്റെ മാനസികനില സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് അന്വേഷണത്തിൽ നിർണായകമാകുക. ഈ റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണത്തിന്റെ അടുത്ത നടപടികൾ അന്വേഷക സംഘം ആസൂത്രണം ചെയ്യും. ചൊവ്വാഴ്‌ച കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ബുധൻ ഉച്ചയോടെയാണ് പേരൂർക്കടയിൽ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കിയത്. വൈകിട്ടുവരെ പരിശോധന നീണ്ടു.
Advertisements
എട്ടുപേരടങ്ങുന്ന അന്വേഷക സംഘം  വിവിധ സംഘങ്ങളായി പിരിഞ്ഞായിരുന്നു ബുധനാഴ്ചത്തെ പ്രവർത്തനങ്ങൾ. ഒരു ടീം സന്ദീപിനെ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കാനായി തിരുവനന്തപുരത്തേക്കു പോയി. മറ്റൊരു സംഘം സന്ദീപിന്റെ കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിൽ എത്തി പരിശോധിച്ചു. പരിസരവാസികളിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിലെത്തി സൂപ്രണ്ടിൽനിന്ന്‌  വിവരങ്ങളെടുത്തു.

സന്ദീപിനെ സംഭവം നടന്ന കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കുത്താൻ ഉപയോ​ഗിച്ച കത്രിക എങ്ങനെ കൈക്കലാക്കിയെന്നതടക്കം സന്ദീപ് തന്നെ വിശദീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചോദ്യംചെയ്യൽ വ്യാഴാഴ്ചയും തുടരും. വ്യാഴം ഉച്ചയോടെ ആശുപത്രിയിൽ തെളിവെടുപ്പിനു കൊണ്ടുപോകാൻ  സാധിക്കുമെന്ന് കരുതുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.