KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് : എ കെ ജി സ്‌മാരക ഓഡിറ്റോറിയത്തിന്‌ തറക്കല്ലിട്ടു

കോഴിക്കോട്‌ : സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ മന്ദിരത്തോടനുബന്ധിച്ച്‌ നിർമിക്കുന്ന എ കെ ജി സ്‌മാരക ഓഡിറ്റോറിയത്തിന്‌ പ്രൗഢഗംഭീരമായ ചടങ്ങിൽ തറക്കല്ലിട്ടു. എണ്ണൂറോളം പേർക്ക്‌ ഇരിക്കാവുന്ന സൗകര്യങ്ങളോടെ നിർമിക്കുന്ന ആധുനിക ഓഡിറ്റോറിയത്തിന്‌ ജില്ലയിലെ 57,000 പാർടി അംഗങ്ങളിൽനിന്നാണ്‌ പണം സമാഹരിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ കരാറുകാർ. എട്ടുമാസത്തിനകം നിർമാണം പൂർത്തിയാക്കും. നിലവിലുണ്ടായിരുന്ന എ കെ ജി ഹാളിന്റെ സ്ഥാനത്താണ്‌ വിശാലമായ പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ള സമുച്ചയം ഉയരുക.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപിയാണ്‌ തറക്കല്ലിടൽ നിർവഹിച്ചത്‌. കേരളത്തിൽ ബിജെപിയെ തനിച്ചുനേരിടാൻ ഇടതുപക്ഷത്തിന്‌ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന്‌ കരീം പറഞ്ഞു. ബിജെപിയെ ഇവിടെ ഒറ്റയ്‌ക്ക്‌ നേരിടാനുള്ള കരുത്തും ആത്മവിശ്വാസവും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്‌. ദേശീയതലത്തിൽ ബിജെപിയെ നേരിടുന്നതിനുള്ള ആത്മവിശ്വാസവും ആശയദൃഢതയും കോൺഗ്രസിന്‌ കൈമോശം വന്നു.
 ആളെക്കൂട്ടാൻ ജോഡോയാത്ര നടത്തുമ്പോൾ കൂടെയുള്ളവർ കൊഴിഞ്ഞുപോകുന്ന ദുരവസ്ഥയാണ്‌ കോൺഗ്രസ്‌ നേരിടുന്നത്‌. ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ  നേതൃത്വം കോൺഗ്രസ്‌ ഏറ്റെടുക്കാനുള്ള സാധ്യതകളൊന്നും കാണുന്നില്ല. ബിജെപിയെ എതിർക്കാൻ കോൺഗ്രസിന്‌ ഭയമാണ്‌.
ബിജെപിക്കെതിരെ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കുകയെന്ന ദൗത്യമാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ സിപിഐ എം നിർവഹിക്കുകയെന്നും കരീം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌ കുമാർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ സംബന്ധിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സ്വാഗതം പറഞ്ഞു.ഭാനുപ്രകാശ്‌ നയിച്ച സംഗീതപരിപാടിയുമുണ്ടായി.

 

Share news