വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ചുമത്താനുള്ള തീരുമാനം പിഷാരികാവ് ദേവസ്വം മരവിപ്പിച്ചു
വാഹന പാർക്കിംഗിന് ഫീസ് ഈടാക്കാനുള്ള പിഷാരികാവ് ദേവസ്വം ബോർഡിൻ്റെ തീരുമാനം താൽക്കാലികമായി നിർത്തിവെച്ചെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇന്നലെ ഇത് സംബന്ധിച്ച് എഐവൈഎഫ് ൻ്റെ പ്രതിഷേധക്കുറിപ്പ് കൊയിലാണ്ടി ഡയറി വാർത്തയാക്കിയിരുന്നു. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾ ഇന്ന് രാവിലെ എക്സിക്യൂട്ടീവ് ഓഫീസറെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
പാർക്കിംഗ് ഫീസ് ചുമത്താനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. ഇതോടെയാണ് തീരുമാനം താൽക്കാലികമായി മരവിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും, നാലു ചക്രവാഹനങ്ങൾക്ക് 20 രൂപയും ഹെവി വാഹനങ്ങൾക്ക് 100 രൂപയുമാണ് പാർക്കിംഗ് ഫീസ് ഈടാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്.

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഫീസ് ചുമത്തി തുടങ്ങാനായിരുന്നു തീരുമാനം. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് തീരുമാനം മരവിപ്പിച്ചത്. അടുത്ത ആഴ്ച വീണ്ടും ദേവസ്വം ബോർഡ് യോഗം ചേരുമെന്നാണ് അറിയുന്നനത്. ഈ യോഗത്തിൽ ഇത് സംബന്ധിച്ച് വിശദമായ ചാർച്ച നടക്കുമെന്നാണ് അറിയുന്നത്.

