KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ ആദ്യ സ്കൈ ബസ് ഉടൻ: മന്ത്രി നിതിൻ ഗഡ്കരി

രാജ്യത്തെ ആദ്യ സ്കൈ ബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണ്. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ വരുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് കുറവും കൂടുതൽ കാര്യക്ഷമവുമായ സ്കൈബസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.

മെട്രോ ഒരു കിലോമീറ്റർ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈബസിനു 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം 300 ൽ അധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണ ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിൾ ഡക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നു എന്നും മന്ത്രി പറഞ്ഞു. രണ്ടാംനിരയിൽപെട്ട നഗരങ്ങളിലാണ് കൂടുതൽ പ്രായോഗികം. മെട്രോയും ലൈറ്റ് മെട്രോയും നിർമിക്കുന്നതിന്റെ നാലിലൊന്നു ചെലവിൽ സ്കൈ ബസ് പദ്ധതി നടപ്പാക്കാം എന്നാണ് ഗഡ്കരി പറയുന്നത്.

പില്ലറുകളിൽ ആകാശത്തുകൂടി നീങ്ങുന്ന ഡബിൾ ഡക്കർ സ്കൈ ബസുകൾ കൂടുതൽ ലാഭകരമാണ്. സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യവും കുറവാണ്. തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറയുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *