ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിന്റെ മേൽക്കൂര മോഷ്ടിക്കപ്പെട്ട നിലയിൽ


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ മേൽക്കൂര മോഷ്ടിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസമാണ് പകൽ സമയത്ത് പഴയ പഞ്ചായത്ത് ഓഫീസും ഇപ്പോഴത്തെ ഹോമിയോ ഡിസ്പെൻസറിയും, വെറ്റെറിനറി ഹോസ്പിറ്റലും പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ ഉരുമ്പ് പൈപ്പ് കൊണ്ട് നിർമ്മിച്ച ഷീറ്റിട്ട മേൽക്കൂര അഴിച്ചെടുത്ത് കൊണ്ടുപോയത്. വിലകൂടിയ ജി.ഐ പൈപ്പും ഷീറ്റും ഉപയോഗിച്ചാണ് മേൽക്കൂര പണിതിരുന്നത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷടം ഉണ്ടായതായാണ് കണക്കാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പകൽ സമയത്താണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് ഷീബ മലയിൽ പറഞ്ഞു. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റേണ്ട കെട്ടിടമായിരുന്നു ഇത്. എന്നാൽ അതിന്റെ പേപ്പർ വർക്ക് പൂർത്തിയാകുന്നതേയുള്ളൂ. അതിനിടയിലാണ് മോഷണം നടന്നത് വിവാദമായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് അറിയുന്നത്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായാണ് അറിയുന്നത്.


